പുനരൈക്യ പ്രസ്ഥാനത്തിന്റെ പിതാവ്
പള്ളിയുടെ കൂദാശ നിർവ്വഹിച്ച തിരുമേനി (1963 മാർച്ച് 19)
1962 - 63 (മാർ ഇവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം ആരംഭിച്ചിട്ട് 32 വർഷം കഴിഞ്ഞിരുന്ന സമയം) അന്ന് വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കാത്തോലിക്കാ ഇടവക വികാരിയായിരുന്ന ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിലും അദ്ദേഹ ത്തിന്റെ അസിസ്റ്റൻ്റുമാരായിരുന്ന ഫാ. മാത്യു ചൂണ്ടമണ്ണിലും ഫാ. മാത്യു പഞ്ഞിക്കാട്ടിലും പ്രേഷിത ചൈതന്യത്താൽ നിറഞ്ഞ വരായിരുന്നു. തിരുവല്ലാ രൂപതയിൽ പല സ്ഥലങ്ങളിലായി പുതിയ മിഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്ന സമയമായിരുന്നു അത്. ആ വർഷം വാളക്കുഴി പ്രദേശത്ത് ജീവിച്ചിരുന്ന 32 കുടുംബങ്ങൾ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടണമെന്ന ആഗ്രഹം വെണ്ണിക്കുളത്ത് ചെന്ന് ഫാ. ആൻഡ്രൂസിനെ ധരിപ്പിക്കുകയും അദ്ദേഹം അവരുടെ താല്പര്യം സഫലികരിക്കുന്നതിനുവേണ്ട ഏർപ്പാടുകൾ ചെയ്യു കയും ചെയ്തു. പഴൂർ പടിഞ്ഞാറെകാലായിൽ വറുഗീസ് വറുഗീസ് (പൊടിച്ചേട്ടൻ) ആയിരുന്നു സംഘത്തിൻ്റെ നേതാവ്. നേരത്തെ പള്ളി പണിയുന്നതിനുവേണ്ട പരിശ്രമങ്ങൾ ചിലഛിദ്രശക്തികളുടെ പ്രേരണയാൽ പരാജയപ്പെട്ടിരുന്നു. മേൽപ്പറഞ്ഞ 32 കുടുംബങ്ങളിൽ 19 വീട്ടുകാരാണ് വാലാങ്കര പള്ളിയിൽ ചെന്ന് ആദ്യമായി പുനരൈക്യപ്പെട്ടത്.
തറക്കല്ലിട്ട വികാരി ജനറാൾ
അന്ന് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷനായിരുന്ന കാലം ചെയ്ത സഖറിയാസ് മാർ അത്താനാസ്യോസ് തിരുമേനി പള്ളി പണിയുന്നതിനുവേണ്ട സ്ഥലം വാങ്ങാൻ ഏർപ്പാടു ചെയ്തു. പല സ്ഥലങ്ങൾ അന്വേഷിച്ച കൂട്ടത്തിൽ വാളക്കുഴി കവലയ്ക്ക് കിഴക്കുവശത്തായി കരിമ്പന്നൂർ സഹോദരന്മാർ താമസിച്ചിരുന്ന രണ്ടേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി പണി ആരംഭിച്ചു. അന്ന് തിരുവല്ലാ രൂപതയുടെ വികാരി ജനറാളായിരുന്ന മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ട് ആണ് പള്ളിയ്ക്ക് തറകല്ലിട്ടത്. പള്ളി പണി പൂർത്തീകരിക്കുന്നതിന് ഒരു വർഷത്തോളം വേണ്ടി വന്നു. ആ സമയത്ത് പഴൂർ പടിഞ്ഞാറേകാലായിൽ വറുഗീസ് വറുഗീസിൻ്റെ ഭവനത്തിലെ ഒരു മുറി കൂദാശ ചെയ്ത്ത് അവിടെ വച്ചാണ് ആരാധനയും വി. കുർബ്ബാനയും മറ്റു തീരുകർമ്മങ്ങളും നട ന്നിരുന്നത്. 1963-ൽ വി. യൗസേഫ് പിതാവിൻ്റെ തിരുനാൾ ദിനമായ മാർച്ച് 19 ന് പുതിയ പള്ളിയുടെ കൂദാശ അഭിവന്ദ്യ. സഖറിയാസ് മാർ അത്താനാസ്യോസ് തിരുമേനി നിർവ്വഹിച്ചു.
ഇടവകയുടെ ആദ്യത്തെ വികാരി. ഫാ. മാത്യു ചുണ്ടമണ്ണിലായിരുന്നു. ഇടവക സ്ഥാപിക്കുന്നതിനും കത്തോലിക്കാ വിശ്വാസത്തിൽ അതിനെ നിലനിർത്തുന്നതിനും വളർത്തുന്നതിനും വളരെത്യാഗം സഹിച്ച ഒരു വൈദികനാണദ്ദേഹം. അന്നേ രോഗിയായിരുന്ന അദ്ദേഹം കാടും മലയും കുന്നുകളും കയറിയിറങ്ങി മനുഷ്യരുമായി സ്നേഹ ബന്ധം സ്ഥാപിക്കുകയും വളരെ പേരെ പുനരൈക്യത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ഫാ. മാത്യ പഞ്ഞിക്കാട്ടിലും ഇടവകയെ വളർത്തുന്നതിനുവേണ്ടി അന്നത്തെ പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അക്ഷീണം പരിശ്രമം ചെയ്ത വ്യക്തിയാണ്.
ഇടവകയുടെ സ്ഥാപനത്തിന് നിസ്വാർത്ഥ സേവനമനുഷ്ഠിച്ച പ്രാരംഭ കാല പ്രവർത്തകർ താഴെപ്പറയുന്നവരാണ്:
ഇവരിൽ ചിലരൊക്കെ പിന്നീട് മലബാർ പ്രദേശത്തേക്ക് കുടിയേറി പോകുകയും ചുരുക്കം ചിലർ ഇടവക വിട്ട് പോകുകയും ചെയ്തു. വാലാങ്കര ഇടവകാംഗമായ കുറ്റംമാനാൽ കെ.കെ. ജോൺ ഇടവകയുടെ പ്രാരംഭകാലത്ത് ഇതിനെ കെട്ടിപ്പടുക്കുന്നതിലും വളർത്തുന്നതിലും സജീവ പങ്കാളിത്തം വഹിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ സേവനങ്ങൾ ഇടവകയുടെ പ്രാരംഭ ചരിത്രത്തിന്റെ ഭാഗമായി എപ്പോഴും സ്മരിക്കപ്പടേണ്ടതാണ്.
ഫാ. മാത്യു ചൂണ്ടമണ്ണിൽ, ഫാ. മാത്യു പഞ്ഞിക്കാട്ടിൽ, ഫാ. ജോർജ്ജ് തുണ്ടിയിൽ, ഫാ. ഏബ്രഹാം പള്ളിപ്പുറത്തുശ്ശേരി, ഫാ. നോബർട്ട് ഒ.ഐ.സി, ഫാ. ജോൺ പടിഞ്ഞാറേകൂറ്റ്, ഫാ. മാത്യു പുന്നമഠം, ഫാ. ജോൺ കമുകുംപ്ലാക്കൽ, ഫാ. ജേക്കബ് തെക്കേപ്പറമ്പിൽ, ഫാ. തോമസ് പെരുമ്പാൽ, ഫാ. ജേക്കബ് അയന്തിയിൽ, ഫാ. ആന്റണി കാരാട്ട്, ഫാ. ജെയിംസ് താന്നിക്കൽ, ഫാ. അലക്സ് ജോൺ തേവർവേലിൽ, ഫാ. വിൽസൺ നിറകണ്ടെത്തിൽ എന്നിവർ ഇടവകയിൽ വികാരിമാരായി സേവമനുഷ്ഠിച്ചവരാണ്. കൂടാതെ ഹ്രസ്വകാലത്തേക്ക് വികാരിമാരായി ഫാ. ചെറിയാൻ താഴമൺ, ഫാ. സ്റ്റീഫൻ തോട്ടത്തിൽ (ഇപ്പോഴത്തെ ഫിലിപ്പോസ് മാർ സ്തെഫാനോസ് തിരുമേനി), ഫാ. കുര്യൻ കിഴക്കേക്കര എന്നിവരും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിമൂന്നു വർഷമായി വികാരിയായി സേവനമനുഷ്ഠിച്ചിരുന്നത് റവ. ഫാ. ഏബ്രഹാം കാടമലയാണ്. തുടർന്ന് ഫാ. സാമുവേൽ വിളയിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഡാനിയേൽ കണ്ണപ്ലാളിൽ എന്നിവർ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഫാ. ചെറിയാൻ മാമ്പറകുഴിയിൽ വികാരിയായി സേവനമനുഷ്ഠിക്കുന്നു.
കൂദാശ: 1993 ജനുവരി
ഇപ്പോഴത്തെ പുതിയ പള്ളിയുടെ മണ്ണെടുപ്പു പണികൾ തുടങ്ങി വച്ചത് റവ. ഫാ. ആൻ്റണി കാരാട്ട് വികാരിയായിരുന്ന സമയത്താണ്. പഴയ പള്ളി വളരെ ഉയർന്ന സ്ഥലത്തായതുകൊണ്ട് പ്രായമായവർക്കും രോഗികൾക്കും കയറിച്ചെല്ലാൻ ബുദ്ധിമുട്ടായിരുന്നു. കൂടാതെ കാലപ്പഴക്കം കാരണം വെട്ടുകല്ലുകൊണ്ട് കെട്ടിയ ഭിത്തി ചിതലെടുക്കാൻ തുടങ്ങിയിരുന്നു. പ്രധാനമായും ഈ കാരണങ്ങൾ കൊണ്ടാണ് പുതിയ പള്ളി പണിയണമെന്ന ആശയം ശക്തമായത്. പള്ളി പണിയുന്നതിന് ധാരാളം മണ്ണെടുത്തു മാറ്റേണ്ടിയിരുന്നു. ഈ കാര്യത്തിൽ ഇടവകക്കാർ നല്ലൊരു പങ്കും ശ്രമദാനം നടത്തിയെന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. ആൻ്റണിയച്ചനു ശേഷം വികാരിയായി വന്ന ബഹു. അലക്സ് ജോൺ തേവർവേലിലച്ചന്റെ അശ്രാന്ത പരിശ്രമഫലമായും ത്യാഗപൂർണ്ണമായ സേവനം വഴിയുമാണ് പണി പൂർത്തികരിച്ചത്. ഈ കാര്യത്തിൽ ഇടവക്കാരുടെ ആളും അർത്ഥവും കൊണ്ടുള്ള സഹായവും രൂപതയിൽ നിന്ന് കാര്യമായ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. സാമ്പത്തിക നിലവാരമനുസരിച്ച് വരിസംഖ്യ പണമായി കൊടുത്ത വ്യക്തികൾ ഏറെയാണ്. കൂടാതെ മദ്ബഹായിലേക്കും പള്ളിക്കകത്തേക്കും വേണ്ടി വന്ന ഉപകരണങ്ങളും രൂപങ്ങളും സ്പോൺസർ ചെയ്ത വ്യക്തികൾ ഇടവകയ്ക്ക് അകത്തും പുറത്തുമുണ്ട്. 70 അടി നീളവും 30 അടി വീതിയുമുള്ള പുതിയ പള്ളിയുടെ കൂദാശ 1993 ജനുവരിയിൽ അന്നത്തെ തിരുവല്ലാ രൂപതാ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ. ഗീവർഗീസ് മാർ തിമോത്തിയോസ് തിരുമേനി നിർവ്വഹിച്ചു.
ഇടവകയുടെ ആദ്യത്തെ വൈദിക മന്ദിരം ഫാ. ഏബ്രഹാം പള്ളിപ്പുറത്തുശ്ശേരി വികാരിയായിരുന്ന സമയത്ത് പണി കഴിപ്പിച്ചതാണ്. പുതിയ പള്ളിയുടെ പണി പൂർത്തീകരിച്ചപ്പോൾ പഴയ വൈദിക മന്ദിരം അതിനു നേരെ മുൻവശത്തായതുകൊണ്ട് അത് പൊളിച്ചു കളഞ്ഞ് പുതിയൊരു വൈദിക മന്ദിരം പണിയണമെന്ന് അഭിപ്രായമുണ്ടാവുകയും അങ്ങനെ പള്ളിയുടെ പുറകിൽ കിഴക്കുവശത്തായി ധാരാളം മണ്ണ് എടുത്തുമാറ്റി പുതിയ വൈദിക മന്ദിരത്തിന്റെ പണി തുടങ്ങി വയ്ക്കുകയും ചെയ്തു. ഫാ. അലക്സ് ജോൺ തേവർവേലിലാണ് വൈദിക മന്ദിരത്തിന്റെ പണിയ്ക്ക് മുൻകൈയ്യെടുത്തതും പകുതിയിൽ കൂടുതൽ പണി പൂർത്തിയാക്കാൻ മേൽനോട്ടം വഹിച്ചതും. പിന്നീട് വികാരിയായി വന്ന ഫാ. വിൽസൺ നിറകണ്ടത്തിലിൻ്റെ കാലത്താണ് മുഴുവൻ പണികളും പൂർത്തിയാക്കിയത്. പുതിയ വൈദിക മന്ദിരത്തിൻ്റെ പണിക്കുള്ള സാമ്പത്തിക ചെലവിൽ ഏറിയ പങ്കും ഇടവകയിൽ നിന്നായിരുന്നു. കുറെ പണം അരമനയിൽ നിന്ന് ലഭിക്കുകയുണ്ടായി.
ഇടവകയെ സംബന്ധിച്ച് ഒരു പൊതുകല്ലറ എന്നുള്ളത് ഇടവകജനങ്ങളുടെ വളരെക്കാലത്തെ വലിയൊരു അഭിലാഷമായിരുന്നു. ഇതിനുവേണ്ടി അനവധി പൊതുയോഗങ്ങളും മീറ്റിംഗുകളും കൂടിയെങ്കിലും പണി തുടങ്ങുവാൻ സാധിച്ചില്ല. 2000–2003 കാലഘട്ടത്തിൽ വികാരിയായിരുന്ന റവ. ഫാ. വിൽസൺ നിറകണ്ടത്തിൽ ഇതിനുവേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും, നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും ലഭിച്ച ശേഷമേ പണി തുടങ്ങാവൂ എന്ന പൊതുയോഗ തീരുമാനത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാലത്ത് പണി പൂർത്തിയാക്കാൻ സാധിച്ചില്ല.
പിന്നീട് വികാരിയായി ചുമതലയേറ്റ റവ. ഫാ. ഏബ്രഹാം കാടമല സധൈര്യം മുന്നോട്ടിറങ്ങുകയും, നേരത്തെ പള്ളിയുടെ സമീപത്ത് നിശ്ചയിച്ചിരുന്ന സ്ഥാനത്തു നിന്നും മാറ്റി പള്ളിയുടെ കല്ലറയുടെ കിഴക്കുഭാഗത്തായി പണിയാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് പ്രാരംഭ പ്രവർത്തനമായി കല്ലറയിലേക്കുള്ള അപ്രോച്ച് റോഡ് (Approach Road) പണിയാൻ തീരുമാനിക്കുകയും പണി ആരംഭിക്കുകയും ചെയ്തു. അതീവ ശ്രമകരമായ പ്രവൃത്തിയായിരുന്നുവെങ്കിലും കൂട്ടായ്മയിലൂടെ അത് വിജയകരമായി പൂർത്തീകരിച്ചു. തുടർന്ന് പള്ളിയുടെ കിഴക്കുഭാഗത്തുള്ള കല്ലറയോട് ചേർന്ന് സെൽ പണിയാൻ പുതിയ പ്ലാൻ തയ്യാറാക്കി. പൊതു സെൽ എന്നും പ്രൈവറ്റ് സെൽ എന്നും രണ്ടു ഭാഗങ്ങളായി തിരിച്ച്, പൊതു സെല്ലിൽ 24-ഉം പ്രൈവറ്റ് സെല്ലിൽ 24-ഉം സെല്ലുകൾ പണിയാൻ തീരുമാനിച്ചു. മരിയദാസ് എന്ന കോൺട്രാക്ടറെ നിർമ്മാണച്ചുമതല ഏൽപ്പിക്കുകയും, അതിമനോഹരമായ രീതിയിൽ പണി പൂർത്തീകരിച്ച് 2004 ഒക്ടോബർ മാസത്തിൽ സെൽ വെഞ്ചരിക്കുകയും ചെയ്തു. ഇടവകജനങ്ങളുടെ വളരെ നാളത്തെ വലിയൊരു ആഗ്രഹമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്.
സമർപ്പണം: 2006 മെയ് 1
സാൻജോസ് ഓഡിറ്റോറിയം (San Jose Auditorium)
സെൽ നിർമ്മാണത്തിന് തൊട്ടുപിന്നാലെ, 2004-ൽ റവ. ഫാ. ഏബ്രഹാം കാടമലയുടെ നേതൃത്വത്തിൽ കല്ലറയിലേക്കുള്ള വഴിയോടു ചേർന്ന് ഓഡിറ്റോറിയത്തിന്റെ പണികൾ ആരംഭിച്ചു. ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറുവശത്തുകൂടി സെമിത്തേരിയിലേക്ക് കയറിപ്പോകാനുള്ള വഴിയും ബഹു. അച്ചന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ഓഡിറ്റോറിയം പണിയുടെ ഭാഗമായി പള്ളിയ്ക്കു താഴെ റോഡരികിൽ 10 സെന്റ് സ്ഥലം വാങ്ങി പാർക്കിംഗ് ഏരിയ ഉണ്ടാക്കുന്നതിനും ഓഡിറ്റോറിയ നിർമ്മാണത്തിനും അന്നത്തെ തിരുവല്ലാ രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ക്ലീമീസ് തിരുമേനി (ഇന്നത്തെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ) നൽകിയ വലിയ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം തിരുവല്ലാ അതിരൂപതയിൽ നിന്നും നിർമ്മാണത്തിന് അർഹമായ സാമ്പത്തിക സഹായം ലഭിച്ചു.
നിർമ്മാണച്ചെലവിലേക്ക് ആവശ്യമായിരുന്ന തുകയിൽ ഏറിയ പങ്കും വികാരി റവ. ഫാ. ഏബ്രഹാം കാടമലയും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചേർന്ന് പള്ളിയ്ക്ക് കുടുംബ വായ്പയായി നൽകി സഹായിച്ചു (ഈ കടബാധ്യത ഇടവകാംഗങ്ങൾ ഒത്തൊരുമിച്ച് 2013-ൽ പൂർണ്ണമായും വീട്ടിത്തീർത്തു). കൂടാതെ ശ്രീമതി കുഞ്ഞുഞ്ഞമ്മ തൊട്ടിയിൽ, റവ. ഫാ. തോമസ് കൊട്ടായിൽ, റവ. ഫാ. ഏബ്രഹാം കാടമല എന്നിവരും അകമഴിഞ്ഞ സാമ്പത്തിക സംഭാവനകൾ നൽകി. ഇടവകയിലെ യുവജനങ്ങളും ഇടവകാംഗങ്ങളും കുന്നിൻമുകളിലേക്ക് മണലും മറ്റ് നിർമ്മാണ സാമഗ്രികളും സ്വന്തം തോളിലേറ്റിയും ശ്രമദാനമായും കഠിനാധ്വാനം ചെയ്തു.
2005-ഓടെ കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും താഴത്തെ പാർക്കിംഗും അടുക്കളയും പൂർത്തിയായി. 2006 ഫെബ്രുവരിയിൽ മുഴുവൻ നിർമ്മാണ പ്രവൃത്തികളും പൂർത്തീകരിക്കപ്പെട്ടു. 2003-ൽ വിഭാവനം ചെയ്ത 250 പേർക്ക് മാത്രം ഇരിക്കാവുന്ന കൊച്ചു ഹാളിന്റെ സ്ഥാനത്ത്, 1000 പേർക്ക് സൗകര്യപ്രദമായി സമ്മേളിക്കാവുന്ന മൂന്നു നിലകളോടു കൂടിയ ആധുനിക സൗകര്യങ്ങളുള്ള ഓഡിറ്റോറിയമായി ഇത് മാറി. 2006 മെയ് 1-ന് 'സാൻജോസ് ഓഡിറ്റോറിയം' എന്ന് നാമകരണം ചെയ്ത് ഇടവകയ്ക്കും ദേശത്തിനുമായി സമർപ്പിച്ചു.
ഈ പ്രദേശത്തെ ജാതിയോ മതമോ നോക്കാതെ ഏതൊരു കുടുംബത്തിനും വിവാഹമോ മറ്റ് ആഘോഷങ്ങളോ ആവശ്യമായി വരുമ്പോൾ സൗകര്യപ്രദമായി സമ്മേളിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും ഭക്ഷണം പാകം ചെയ്യാനും ചപ്പുചവറുകൾ ഒതുക്കാനും സൗകര്യപ്രദമായ ഒരു ഹാൾ നിർമ്മിക്കുവാൻ ദൈവം ഇടയാക്കിയതിൽ നാം സംതൃപ്തരാണ്. ഇതിനെ നമ്മുടെ ജൂബിലി സ്മാരകമായി നാം പരിഗണിക്കുകയും ദേശത്തിന് സമർപ്പിക്കുകയും ചെയ്യുന്നു.
പള്ളിയുടെ സുവർണ്ണ ജൂബിലി പ്രമാണിച്ച് പള്ളിയുടെ അകവും പുറവും പെയിന്റ്റ് ചെയ്ത് വൃത്തിയാക്കുകയും അകത്തു മുകൾവശം മുഴുവൻ അലൂമിനിയം ഷീറ്റുകൾ കൊണ്ട് സീലിംഗ് നടത്തി വൃത്തിയാക്കുകയും മദ്ബഹായുടെ താഴെയുള്ള രണ്ടുവശവും അഴികൾ ഇട്ട് തിരിച്ച് വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പള്ളിയുടെ മദ്ധ്യഭാഗം മുഴുവൻ റ്റൈൽസ് ഇട്ട് വേർതിരിക്കുകയും പുതിയ കാർപെറ്റ് വാങ്ങി രണ്ട് ഭാഗത്തും വിരിക്കുകയും ചെയ്തിരിക്കുന്നു. ഈ ആവശ്യത്തിലേക്ക് സംഭാവനകൾ നല്കി സഹായിച്ച എല്ലാ വ്യക്തികളെയും നന്ദിയോടെ സ്മരിക്കുന്നു. ഇടവകയിൽ ഇപ്പോൾ 108 ഭവനങ്ങൾ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.
വേളാങ്കണ്ണി മാതാവിൻ്റെ കുരിശടി
വാളക്കുഴി കവലയിൽ കാണുന്ന വി. ദൈവമാതാവിന്റെ നാമത്തിലുള്ള മനോഹരമായ കുരിശടി ഫാ. നോമ്പർട്ട് ഒ.ഐ.സി വികാരിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും ഇടവകക്കാരുടെ സഹകരണത്തിലും പണികഴിപ്പിച്ചതാണ്. ഇതിനുവേണ്ടുന്ന സ്ഥലം നെയ്തേലിൽ ബേബി സാറിനോട് വിലകൊടുത്തു വാങ്ങിയതാണ്. ഇപ്പോഴത്തെ പള്ളിയുടെ താഴെ റോഡരികിൽ കാണുന്ന വി. വേളാങ്കണ്ണി മാതാവിൻ്റെ നാമത്തിലുള്ള കുരിശടി ശ്രീ. തൊട്ടിയിൽ ബേബി വറുഗീസിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ്.
കൊടിമരം: ഇടവകയുടെ ആദ്യ കൊടിമരം ശ്രീ. നടുവിലേക്കൂറ്റ് ബാബു ജോർജ്ജ് സംഭാവന നൽകിയതാണ്. തുടർന്ന് നിലവിലുള്ള ശാശ്വതമായ മനോഹര കൊടിമരം ശ്രീ. കെ. എം. ജോസഫ് കടുത്തനാത് സംഭാവന നൽകി നിർമ്മിച്ചതാണ്. 2014 ജൂൺ 1-ന് തിരുവല്ലാ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനിയും വികാരി റവ. ഫാ. ഏബ്രഹാം കാടമലയും ചേർന്ന് ഭക്തിനിർഭരമായ ശുശ്രൂഷകളോടെ കൊടിമരം ആശീർവദിച്ചു കൂദാശ ചെയ്തു.
പള്ളിയുടെ മുൻവശത്ത് റോഡരികിലായി വേളാങ്കണ്ണി മാതാവിന്റെ കുരിശടിയോടു ചേർന്ന് പിയാത്താ രൂപം (യേശുക്രിസ്തുവിന്റെ തിരുശരീരം മാതാവിന്റെ മടിയിൽ കിടത്തിക്കൊണ്ടുള്ള വിശുദ്ധ രൂപം) സ്ഥാപിച്ചിരിക്കുന്നു.
പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ് (DaVinci Suresh) ആണ് ഈ മനോഹരമായ പിയാത്താ രൂപം അതീവ കലാചാതുരിയോടെ നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിന് ശ്രീമതി മറിയാമ്മ തൊട്ടിയിൽ (ശ്രീ. തൊട്ടിയിൽ ബേബി വറുഗീസിന്റെ സഹായത്തോടെ) സാമ്പത്തിക സഹായം നൽകി.
2009 ഏപ്രിൽ 30-ന് തിരുവല്ലാ അതിഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് തിരുമേനിയും വികാരി റവ. ഫാ. ഏബ്രഹാം കാടമലയും ചേർന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ പിയാത്താ രൂപം ആശീർവദിച്ച് കൂദാശ ചെയ്തു.
പഴയ കുരിശടി
പുതിയ കുരിശടി (2023)
ബഹുമാനപ്പെട്ട മാത്യു തടത്തിൽ അച്ചന്റെ നേതൃത്വത്തിൽ വാളക്കുഴിയിൽ നിലനിന്നിരുന്ന പഴയ കുരിശടി പൊളിച്ചുമാറ്റി, അതിന്റെ സ്ഥാനത്ത് പുതിയ കുരിശടി നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണവും കൂട്ടായ പരിശ്രമവും സാമ്പത്തികവും സന്നദ്ധവുമായ പിന്തുണയും പുതിയ കുരിശടിയുടെ നിർമ്മാണത്തിന് നിർണായകമായി.
ഇടവകയുടെയും നാടിന്റെയും കൂട്ടായ്മയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും പ്രതീകമായി പുതിയ കുരിശടിയുടെ നിർമ്മാണം വിജയകരമായി പൂർത്തീകരിക്കപ്പെട്ടു. തലമുറകളായി കൈമാറിവരുന്ന ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും പൊതുസമൂഹത്തിന്റെ കൂട്ടായ്മയുടെയും ദൃശ്യസാക്ഷ്യമായി ഈ കുരിശടി വാളക്കുഴിയിൽ നിലകൊള്ളുന്നു.
തിരുവല്ല അതിഭദ്രാസനത്തിന്റെ അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്തായുടെ ആശീർവാദത്തോടും സാന്നിധ്യത്തോടും കൂടി, 2023 ഏപ്രിൽ 29-ന് പുതിയ കുരിശടിയുടെ കൂദാശ ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവഹിക്കപ്പെട്ടു.
ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും ഏകമനസ്സോടെയുള്ള സഹകരണത്തിലൂടെ യാഥാർഥ്യമായ ഈ സംരംഭം, വാളക്കുഴി ഇടവകയുടെ വിശ്വാസജീവിതത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നു.
ഇടവകയിൽ നിന്നുള്ള വൈദികരും സന്യാസിനികളും: ഫാ. വറുഗീസ് കോശി തെക്കേമണ്ണിൽ (2002-ൽ പൗരോഹിത്യം സ്വീകരിച്ച് 2002 മാർച്ച് 24-ന് ഇടവകയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു), ഫാ. വറുഗീസ് വായ്പൂമേപ്രത്ത് (2002-ൽ പൗരോഹിത്യം സ്വീകരിച്ച് 2002 മാർച്ച് 25-ന് ഇടവകയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു) എന്നിവർ തിരുവല്ലാ അതിരൂപതയിൽ സേവനമനുഷ്ഠിക്കുന്ന ഇടവകാംഗങ്ങളായ വൈദികരാണ്. കൂടാതെ സി: അൻജലി എസ്.ഐ.സി. (ആദ്യ വ്രതവാഗ്ദാനം: 05/05/1997, നിത്യ വ്രതവാഗ്ദാനം: 24/04/2003), സി: അർച്ചനാ എസ്.ഐ.സി. എന്നിവർ ബഥനി സന്യാസ സമൂഹത്തിലെ (Sisters of the Imitation of Christ - SIC) ഇടവകാംഗങ്ങളായ സിസ്റ്റേഴ്സാണ്.
ഇടവകയിൽ ശുശ്രൂഷകരായി സേവനം ചെയ്തിട്ടുള്ളവർ: 1) പ്ലാംകൂട്ടത്തിൽ പാപ്പി 2) മേപ്രത്ത് എം.എൻ. വറുഗീസ് 3) കടവിൽ ജോയി 4) കടവിൽ രാജേഷ് 5) പള്ളിയാങ്കൽ ജോയി 6) പള്ളിയാങ്കൽ ജോസി ഫിലിപ്പ് 7) വായ്പ്പൂർ മേപ്രത്ത് വി.സി. ജോൺ. ഇപ്പോൾ വളരെ വർഷങ്ങളായി ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നത് കടവിൽ ബാബുവാണ്.
ഇടവകയുടെ ആരംഭകാലം മുതൽ തന്നെ സൺഡേസ്കൂൾ പ്രവർത്തനങ്ങൾ സജീവമായിരുന്നു. "ബാലൻ നടക്കേണ്ട വഴി അവനെ അഭ്യസിപ്പിക്ക, അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല" എന്ന ബൈബിൾ വാക്യവും "കുഞ്ഞുങ്ങളെ എൻ്റെ അടുക്കൽ വരുവാൻ വിടുവീൻ അവരെ തടയരുത്" എന്ന കർത്താവിൻ്റെ വചനവുമാണല്ലോ സൺഡേസ്കൂൾ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി നില്ക്കുന്നത്. ഇപ്പോൾ എല്ലാ ഞായറാഴ്ചയും രാവിലെ വി. കുർബ്ബാനയ്ക്കു മുമ്പാണ് സൺഡേസ്കൂൾ ക്ലാസ്സുകൾ നടക്കുന്നത്. 1 മുതൽ 12 വരെ ക്ലാസ്സുകളിലായി 40 കുട്ടികൾ പഠിക്കുന്നുണ്ട്. തിരുവല്ലാ ബസീലിയൻ കോൺവന്റിലെ സിസ്റ്റേഴ്സ് ഇടവകയിൽ വന്ന് സൺഡേസ്കൂൾ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കുന്നു. ആകെ 11 അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു.
"രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ ഒന്നിച്ച് കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാനുണ്ടായിരിക്കും" എന്ന കർത്താവിൻ്റെ വചന സ്വാർത്ഥകമാക്കി പ്രവർത്തിക്കുന്നവയാണ് പ്രാർത്ഥനാ കൂട്ടായ്മകൾ. സ്നേഹത്തിലും സഹകരണത്തിലുമൂന്നിയ ആദിമസഭയുടെ അരൂപി നിലനിർത്തിക്കൊണ്ട് കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. വാളക്കുഴി ഇടവകയിൽ ആരംഭകാലം മുതൽ തന്നെ പ്രാർത്ഥനായോഗങ്ങൾ ഉണ്ടായിരുന്നു. ആദ്യകാലത്ത് പ്രധാനമായും രണ്ട് പ്രാർത്ഥനാ കൂട്ടായ്മകളാണ് ഉണ്ടായിരുന്നത്. ഇന്നത് 6 കൂട്ടായ്മകളായി വിഭജിച്ചിരിക്കുന്നു. ഓരോ കൂട്ടായ്മയിലും പത്തിൽ കൂടുതൽ വീടുകളുണ്ട്. 1) ഇമ്മാനുവേൽ കൂട്ടായ്മ 2) സെന്റ് പോൾസ് കൂട്ടായ്മ 3) സെന്റ് ജോൺസ് കൂട്ടായ്മ 4) സെൻ്റ് തോമസ് കൂട്ടായ്മ 5) ചെറുപുഷ്പം കൂട്ടായ്മ 6) സെൻ്റ് ഫ്രാൻസിസ് സേവ്യർ കൂട്ടായ്മ എന്നിവയാണ് ഇടവകയിൽ ഇപ്പോൾ നിലവിലുള്ളത്. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് കൂട്ടായ്മകൾ സമ്മേളിക്കുന്നത്. കാണിക്കയായും സംഭാവനകളായും കിട്ടുന്ന പണം സാധുജനങ്ങളെ സഹായിക്കുന്നതിനും ഓഡിറ്റോറിയം പണിയുടെ കടബാദ്ധ്യത തീർക്കുന്നതിനും ഉപയോഗിക്കുന്നു. ഓരോ മാസത്തിലും ഒരു ഞായറാഴ്ച പള്ളിയിൽ സംയുക്ത കൂട്ടായ്മയും സമ്മേളിക്കുന്നു.
ഇടവകയുടെ ആരംഭകാലത്തു തന്നെ മാതാക്കളുടെ കൂട്ടായ്മ അനൗദ്യോഗികമായി പള്ളിയിൽ നിലവിലുണ്ടായിരുന്നു. അത് വളർന്ന് വലുതായതാണ് ഇപ്പോഴത്തെ മാതൃസമാജം. സെന്റ് ജോസഫ് പ്രാർത്ഥനായോഗം, സെൻ്റ് മേരീസ് പ്രാർത്ഥനായോഗം എന്നീ പേരുകളിൽ സ്ത്രീകളുടെ രണ്ട് പ്രാർത്ഥനാ സമൂഹങ്ങൾ നിലവിലുണ്ട്. ഇതിന്റെ സംയുക്ത വേദിയാണ് മാതൃസമാജം. ചൊവ്വാ, വെള്ളി ദിവസങ്ങളിൽ നടത്തുന്ന ഉപവാസപ്രാർത്ഥനകൾ മാതൃസമാജത്തിന്റെ അരൂപിയ്ക്ക് ശക്തി കൂട്ടുന്നു. കൂടാതെ വെള്ളിയാഴ്ചകളിൽ സംയുക്ത മീറ്റിംഗായി പള്ളിയിൽ സമ്മേളിക്കുന്നുണ്ട്.
ഫെഡറിക് ഓസനാമും കൂട്ടാളികളും ചേർന്ന് പാരീസിൽ രൂപം കൊടുത്ത ആത്മായ പ്രേഷിത ജീവകാരുണ്യ സംഘടനയായ വിൻസെൻ്റ് ഡിപോൾ സഖ്യത്തിൻ്റെ പ്രവർത്തനം 1994 ഒക്ടോബർ 14-ാം തീയതിയാണ് വാളക്കുഴി ഇടവകയിൽ ആരംഭിക്കുന്നത്. ക്രൈസ്തവ സ്നേഹത്തിലൂന്നിയ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന ഇതിനകം ചെയ്തിട്ടുണ്ട്. ദത്തുകുടുംബ സന്ദർശനം, ഭവന സന്ദർശനം, ആശുപത്രികളിലും വീടുകളിലുമായി രോഗികളെ സന്ദർശിക്കുക, ശവസംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കുക മുതലായ ജീവകാരുണ്യ പ്രവർത്തനങ്ങൾ അംഗങ്ങൾ ചെയ്യുന്നു. സംഘടനയിൽ ഇപ്പോൾ 5 അംഗങ്ങളുണ്ട്. 5 ദത്തുകുടുംബങ്ങളെയും ഒരു ദത്തു വിദ്യാർത്ഥിയേയും സഹായിക്കുന്നു.
കുട്ടികളുടെ സംഘടനയായ ബാലദീപത്തിൻ്റെ പ്രവർത്തനങ്ങളും സംഘടന രൂപീകരിച്ച സമയം മുതൽ ഇടവകയിലുണ്ടായിരുന്നു. ബാലദീപത്തിൽ അംഗങ്ങളായി 30 കുട്ടികളോളം പ്രവർത്തിക്കുന്നുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 9.30 വരെയാണ് ബാലദീപത്തിന്റെ മീറ്റിംഗ് നടക്കുന്നത്. പള്ളിയിൽ ആവശ്യം വരുമ്പോൾ ശ്രമദാനം ചെയ്യുക, ഓണം, ക്രിസ്തുമസ് ആഘോഷ പരിപാടികളിൽ സഹകരിക്കുക, സാധുകുട്ടികളെ സഹായിക്കുക തുടങ്ങിയവ കർമ്മ പദ്ധതികളാണ്.
"വചനാധിഷ്ഠിത യുവത്വം ജീവിത നവീകരണത്തിന്" എന്ന മുദ്രാവാക്യം ആപ്തവാക്യമായി സ്വീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് എം.സി.വൈ.എം. തിരുവല്ലാ രൂപതയിൽ എം.സി.വൈ.എം. സംഘടനയുടെ മുന്നോടിയായുള്ള യുവദീപം ആരംഭിച്ച കാലം മുതൽ തന്നെ വാളക്കുഴി ഇടവകയിൽ അതിൻ്റെ യൂണിറ്റ് സജീവമായി പ്രവർത്തിച്ചിരുന്നു. വീടുകളിലും ആശുപത്രികളിലും പോയി രോഗികളെ സന്ദർശിക്കുക, പഠനാരംഭം തുടങ്ങുമ്പോൾ വി. കുർബ്ബാനയും കാഴ്ചവയ്പ്പും നടത്തുന്നതിന് സഹായിക്കുക, ഓണം, ക്രിസ്തുമസ് തുടങ്ങിയ വിശേഷ സന്ദർഭങ്ങൾ സമുചിതമായി ആഘോഷിക്കുക, പുണ്യസ്ഥലങ്ങളിലേക്ക് ടൂർ പ്രോഗ്രാമുകൾ സംഘടിപ്പിക്കുക തുടങ്ങിയവ സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളാണ്. മദ്യവർജന പ്രസ്ഥാനത്തോട് അംഗങ്ങൾ സജീവമായി സഹകരിക്കുന്നു.
മലങ്കര കാത്തോലിക് അസോസിയേഷൻ (MCA) ഇടവകയുടെ ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ വളർച്ചയ്ക്കും ഇടവകാംഗങ്ങളുടെ സമഗ്ര പുരോഗതിക്കും ലക്ഷ്യമിട്ട് സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ്. സഭയുടെ തനതായ ആരാധനാപാരമ്പര്യവും വിശ്വാസപൈതൃകവും സംരക്ഷിക്കുന്നതിനോടൊപ്പം, കുടുംബശുശ്രൂഷ, യുവജന-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, തൊഴിൽ-കരിയർ മാർഗനിർദ്ദേശം, അർഹരായ വിദ്യാർത്ഥികൾക്കുള്ള സഹായം, സാമൂഹികനീതി, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും സംഘടന ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു. സഭയോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വബോധം വളർത്തുകയും സഹോദര്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ഇടവകയിലും MCA ശക്തമായ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്നു.
“അനുസരിക്കുന്നത് നമുക്ക് ഒരിക്കലും ബുദ്ധിമുട്ടാകില്ല, പ്രിയപ്പെട്ട സഹോദരാ; പ്രത്യേകിച്ച് അത് ഒരാൾക്ക് വിശുദ്ധ കുർബാനയിൽ സഹായിക്കാനുള്ള ഭാഗ്യം നൽകുമ്പോൾ.”
— വിശുദ്ധ ജോൺ ബെർക്കുമൻസ് (അൾത്താര ബാലന്മാരുടെ സ്വർഗീയ മധ്യസ്ഥൻ)ആഗസ്റ്റ് 13 അൾത്താര ബാലന്മാരുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമൻസിന്റെ തിരുനാൾ ആചരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും വിശ്വാസസാക്ഷ്യവും മാതൃകയാക്കി, ഇടവകയിലെ അൾത്താര ശുശ്രൂഷക സംഘം വിശുദ്ധ കുർബാനയിലും മറ്റ് തിരുക്കർമ്മങ്ങളിലും സജീവമായി പങ്കുചേർന്ന് ശുശ്രൂഷ നിർവഹിച്ചുവരുന്നു.
വിശുദ്ധ കുർബാനയുടെ അൾത്താരയിലും വിവിധ തിരുക്കർമ്മങ്ങളിലും മുഖ്യപങ്കാളികളാകുന്ന അൾത്താര ശുശ്രൂഷകർ, ചെറുപ്പം മുതൽ തന്നെ സഭാജീവിതത്തോടും ആരാധനാക്രമങ്ങളോടും അടുപ്പം വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ശുശ്രൂഷയിലൂടെ വിശ്വാസം വളർത്തുകയും, വിശ്വാസത്തിലൂടെ അടുത്ത തലമുറയെ സഭയോടും ക്രിസ്തുവിനോടും കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്ന ഈ വിശുദ്ധ ശുശ്രൂഷ ഇടവകയിൽ ഏറ്റവും ശ്രേഷ്ഠമായി നിർവഹിക്കപ്പെടുന്നു.
വിശുദ്ധ ജോൺ ബെർക്കുമൻസിന്റെ മാധ്യസ്ഥ്യത്തിലൂടെ നമ്മുടെ അൾത്താര ശുശ്രൂഷകർ വിശ്വാസത്തിലും വിശുദ്ധിയിലും വളർന്ന്, സഭയ്ക്കും സമൂഹത്തിനും സമർപ്പിതരായ നല്ല തലമുറയായി വളരട്ടെ. അവരിലൂടെ വിശ്വാസത്തിന്റെ പ്രകാശം തലമുറകളിലേക്ക് പകരട്ടെ.
നമ്മുടെ ഇടവകയിൽ നിന്നുള്ള നിരവധി അംഗങ്ങൾ സഭയുടെയും വിവിധ ആത്മീയ, സാമൂഹിക, യുവജന സംഘടനകളുടെയും മേഖലാ, രൂപതാ തലങ്ങളിൽ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ നേതൃത്വപങ്കാളിത്തം ഇടവകയുടെ സജീവമായ സഭാജീവിതത്തിന്റെയും സംഘടനാപരമായ വളർച്ചയുടെയും ശ്രദ്ധേയമായ സാക്ഷ്യമാണ്.
ഇടവകയുടെ പാസ്റ്ററൽ ശുശ്രൂഷയിലും വിവിധ അംഗങ്ങൾ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രൊഫ. പി.വി. മാത്യു ഒൻപത് വർഷക്കാലം തിരുവല്ല അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായും, മൂന്ന് വർഷക്കാലം MCYM വെണ്ണിക്കുളം മേഖലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രിമതി ലീലാമ്മ കുര്യാൻ പള്ളിയാങ്കൽ വെണ്ണിക്കുളം മേഖല MCYM അനിമേറ്റർ, MCA മേഖല വൈസ് പ്രസിഡന്റ്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അന്നമ്മ വറുഗീസ് കൊണ്ടൂർ, ഷേർളി സാനു പള്ളിയാങ്കൽ എന്നിവർ മുൻകാലത്ത് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്.
MCYM, MCA തുടങ്ങിയ സംഘടനകളുടെ മേഖലാതല പ്രവർത്തനങ്ങളിലും നമ്മുടെ ഇടവകാംഗങ്ങൾ സജീവമായി പങ്കാളികളായിട്ടുണ്ട്. ലിജു തൊട്ടിയിൽ, ലിജോ ജി മാത്യു നടുവിലേക്കുറ്റ് , അനീഷ് മേപ്പുറത്ത്, ജിജോ മാത്യു നടുവിലേക്കുറ്റ്, ബ്ലെസൻ കെ. സാം കരുവള്ളിൽ, അൽവീനാ റെജി പക്കാനികുഴിയിൽ എന്നിവർ MCYM മേഖലാതലത്തിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ. റ്റോജോ പി. തോമസ് പറങ്കാമൂട്ടിൽ MCYM, മലങ്കര കാത്തോലിക് അസോസിയേഷൻ (MCA) എന്നിവയുടെ മേഖലാ ജനറൽ സെക്രട്ടറിയായും, തിരുവല്ല അതിരൂപതാ മാനേജിങ് കമ്മിറ്റി അംഗമായും, പാസ്റ്ററൽ കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിൻസിമോൾ റെജി പക്കാനികുഴിയിൽ മേഖലാ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ലീമോൾ മേരി വറുഗീസ് തൊട്ടിയിൽ തിരുവല്ല അതിരൂപതയിൽ ബാലദീപത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷാനിമോൾ സാനു പള്ളിയാങ്കൽ അതിരൂപതാ സിന്ഡിക്കേറ്റ് അംഗമായും, ക്രിസ്റ്റീന ജോൺസൻ വായ്പ്പൂമേപ്രത്ത് MCCL മേഖലാ ഭാരവാഹിയായും പ്രവർത്തിച്ചുവരുന്നു.
വിവിധ സാമൂഹിക-ആത്മീയ സംഘടനകളുടെ പ്രവർത്തനങ്ങളിലും ഇടവകാംഗങ്ങൾ നേതൃത്വം വഹിച്ചിട്ടുണ്ട്. തോമസുകുട്ടി കരിമ്പന്നൂർ വിൻസെന്റ് ഡി പോൾ സഖ്യത്തിന്റെ മേഖലാ പ്രസിഡന്റായും, അന്നമ്മ വറുഗീസ് കൊണ്ടൂർ മാതൃസമാജത്തിന്റെ മേഖലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഭാതല പ്രവർത്തനങ്ങൾക്കു പുറമെ പൊതുസമൂഹത്തിലും ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണ്. ഇടവകാംഗമായ പൊന്നച്ചൻ പഴൂർ രണ്ടുതവണ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട് പൊതുസേവനരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.
സഭയുടെയും വിവിധ സംഘടനകളുടെയും സാമൂഹിക-പൊതുപ്രവർത്തനങ്ങളുടെയും മേഖലകളിൽ ഇടവകാംഗങ്ങൾ വഹിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങളും നേതൃത്വപങ്കാളിത്തവും വാളക്കുഴി ഇടവകയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി രേഖപ്പെടുത്തപ്പെടുന്നു.
തിരുവല്ല അതിഭദ്രാസനത്തിലെ പരിശീലനം പൂർത്തിയാക്കിയ സുവിശേഷസംഘത്തിലെ ഒൻപതു പേർക്ക് കൈവയ്പ്പ് ശുശ്രൂഷ നൽകപ്പെട്ടു:
"മാർത്തോമ്മാ, ഓർത്തഡോക്സ്, പെന്തക്കോസ്തു സഭകൾക്ക് സ്വാധീനവും മുൻതൂക്കവുമുണ്ടായിരുന്ന വാളക്കുഴി പ്രദേശത്ത് കത്തോലിക്കാ വിശ്വാസത്തിന് വേരോട്ടം കിട്ടിയത് ഈ ഇടവകയുടെ സ്ഥാപനത്തോടെയാണ്. 32 കുടുംബങ്ങളോടെ ആരംഭിച്ച ഇടവക ഇന്ന് 100-ലധികം കുടുംബങ്ങളുമായി സുവർണ്ണ ജൂബിലി നിറവിലാണ്. കത്തോലിക്കാ സംസ്ക്കാരം ഇന്ന് ഈ പ്രദേശത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. 60-ൽ പരം വർഷക്കാലം ഈ പ്രദേശത്ത് ദൈവം കൊളുത്തി വച്ച പുനരൈക്യ പ്രസ്ഥാനമാകുന്ന കൊച്ചു ദീപം ദേശത്തെല്ലാം പ്രകാശം പരത്തി ശോഭിച്ചു നിൽക്കുന്നു. വളർച്ചയുടെ പാതയിലൂടെ സഞ്ചരിക്കുന്ന വാളക്കുഴി സെൻ്റ് ജോസഫ്സ് ഇടവകയ്ക്ക് എല്ലാ അനുഗ്രഹങ്ങളും സർവ്വേശ്വരനായ ദൈവം ഭാവിയിലും ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു."
2012-ൽ പ്രൊഫ. പി.വി. മാത്യു പഴൂർ പടിഞ്ഞാറേകാലായിൽ തയ്യാറാക്കിയ ലഘു ചരിത്രത്തിൽ നിന്നും സമാഹരിച്ച് തയ്യാറാക്കിയത്: ശ്രീ. റ്റോജോ പി. തോമസ് പറങ്കാമൂട്ടിൽ.